ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് അധികാരത്തിലെത്തിയ കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ രണ്ടു വർഷമാകുന്പോഴേക്കും വിവാദങ്ങളിലും ആരോപണങ്ങളിലും പെട്ട് ഉലയുന്ന കാഴ്ചയാണ് കണ്ടത്. സെൽഭരണ ആക്ഷേപങ്ങളും പോലീസിന്റെ വഴിവിട്ട നടപടികളും സർക്കാരിന്റെ വിവിധങ്ങളായ ഭരണനടപടികളും വ്യാപകമായ ആക്ഷേപത്തിന് ഇടയാക്കി.
1959 ജൂണ്‍ 12നു വിമോചന സമരം ആരംഭിച്ചു. ക്രിസ്ത്യൻ-നായർ സമുദായ നേതൃത്വം സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. തുടക്കത്തിൽ ആർഎസ്പി ഒഴികെയുള്ള എല്ലാ പ്രതിപക്ഷ നേതാക്കളും സമരത്തിനു പിന്തുണ നൽകി. പിന്നാലെ ആർഎസ്പിയും വിമോചനസമരത്തിന്റെ ഭാഗമായി.
നാടെങ്ങും പിക്കറ്റിംഗുകളും പ്രതിഷേധ യോഗങ്ങളും അരങ്ങേറി. പലതും അക്രമാസക്തമായി. സമരക്കാരെ പോലീസ് അതിക്രൂരമായാണു നേരിട്ടത്. പലയിടത്തും കമ്യൂണിസ്റ്റ് പാർട്ടിക്കാരും സമരക്കാരെ നേരിടാനിറങ്ങി. ക്രമസമാധാന നില പാടേ തകർന്നു. ഭരണംതന്നെ സ്തംഭിച്ച നിലയിലായി.
ജൂണ്‍ 15നു തിരുവനന്തപുരത്തു വെട്ടുകാട് പോലീസ് വെടിവയ്പിൽ മൂന്നു പേർ മരിച്ചു. പുല്ലുവിളയിൽ രണ്ടു പേർ മരിച്ചു. ജൂലൈ മൂന്നിന് ചെറിയതുറയിൽ വീടിനുള്ളിലിരുന്ന ഫ്ളോറി എന്ന ഗർഭിണിയുടെ മാറിൽ വെടിയുണ്ട തുളച്ചു കയറി. അവർ മരണമടഞ്ഞു.
കേരളമെങ്ങും പ്രതിഷേധമിരന്പി.
“തെക്കുതെക്കൊരു ദേശത്ത്
അലമാലകളുടെ തീരത്ത്
ഫ്ളൊറിയെന്നൊരു ഗർഭിണിയെ
ഭർത്താവില്ലാ നേരത്ത്
ചുട്ടുകരിച്ചൊരു സർക്കാരേ...”
തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ കേരളക്കരയാകെ മുഴങ്ങിയ മുദ്രാവാക്യമായിരുന്നു ഇത്. ജൂലൈ 13ന് അങ്കമാലിയിൽ പോലീസ് വെടിവയ്പിൽ ഏഴു പേർ മരിച്ചു. അങ്കമാലിയിൽ നിന്നാരംഭിച്ച ജീവശിഖാ യാത്ര കടന്നുപോന്ന വഴികളിലെല്ലാം സ്ത്രീകളുൾപ്പെടെ പതിനായിരങ്ങൾ തടിച്ചുകൂടി.
“അങ്കമാലി കല്ലറയിൽ
ഞങ്ങടെ സോദരരുണ്ടെങ്കിൽ
ആ കല്ലറയാണേ കട്ടായം,
പകരം ഞങ്ങൾ ചോദിക്കും.”
കേരളമെന്പാടും ഈ മുദ്രാവാക്യം മുഴങ്ങി.
യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോൾ ഹംസരഥത്തിൽ മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ രാജ്ഭവനിലേക്കു നീങ്ങി. ജനലക്ഷങ്ങൾ ഒപ്പിട്ട നിവേദനം ഗവർണർക്കു കൈമാറി.
സർക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യത്തോടു പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനു തുടക്കത്തിൽ യോജിപ്പില്ലായിരുന്നു എന്നാണു പറയപ്പെടുന്നത്. എന്നാൽ, ഇന്ദിരാഗാന്ധി ഉൾപ്പെടെ വലിയൊരു വിഭാഗം കമ്യൂണിസ്റ്റ് സർക്കാരിനെ പുറത്താക്കണമെന്ന നിലപാടിൽ ഉറച്ചുനിന്നു. ഒടുവിൽ സ്ഥിതിഗതികൾ നേരിട്ടു മനസിലാക്കാൻ നെഹ്റു കേരളത്തിലെത്തി. സന്ദർശനം പൂർത്തിയാക്കി മടക്കയാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയ നെഹ്റു കേരളത്തിലെ സമരങ്ങളെ ബഹുജനമുന്നേറ്റം എന്നാണു വിശേഷിപ്പിച്ചത്.
ജൂലൈ 31ന് ഇഎംഎസ് സർക്കാരിനെ കേന്ദ്രസർക്കാർ പിരിച്ചുവിട്ടു. 58 ദിവസം നീണ്ടുനിന്ന വിമോചന സമരത്തിനിടെ 15 പേർ പോലീസിന്റെ വെടിയേറ്റു മരിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒന്‍പതു പേർ മരിച്ചു. പോലീസ് ലാത്തിച്ചാർജിൽ ആയിരക്കണക്കിനാളുകൾക്കു പരിക്കേറ്റു. അങ്ങനെ 1957 ഏപ്രിൽ അഞ്ചിനു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഇഎംഎസ് സർക്കാർ 1959 ജൂലൈ 31ന് നിലംപതിച്ചു.
ഇഎംഎസ് സർക്കാരിനെ പിരിച്ചുവിട്ട് 67 വർഷമാകുന്പോഴും ആ നടപടിയുടെ ശരിതെറ്റുകൾ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജാതി, മത, പിന്തിരിപ്പൻ ശക്തികൾ ഒന്നുചേർന്ന് കമ്യൂണിസ്റ്റ് സർക്കാരിനെതിരേ നടത്തിയ ഗൂഢാലോചന എന്നു കമ്യൂണിസ്റ്റുകാർ ഇന്നും ആക്ഷേപിക്കുന്പോഴും കമ്യൂണിസ്റ്റ് ഭരണത്തിലെ സെൽഭരണ പ്രവണതകളും ക്രമസമാധാന തകർച്ചയും ഭരണസ്തംഭനവുമെല്ലാം വിമോചന സമരത്തെ ശരിവയ്ക്കുന്നു എന്ന വശവുമുണ്ട്.
തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി നേരിട്ട തോൽവിയും ജനകീയ കോടതിയിൽ വിമോചന സമരം ശരിയായിരുന്നു എന്നതിന്റെ തെളിവായി എതിർപക്ഷം എന്നും ഉയർത്തിക്കാട്ടും. സർക്കാരിനെതിരായി ഉയർന്നുവന്ന ജനരോഷത്തെ തണുപ്പിക്കുന്നതിനോ പ്രതിഷേധങ്ങൾ കരുത്താർജിക്കുന്നതു തടയാനോ ഉള്ള തന്ത്രജ്ഞത കമ്യൂണിസ്റ്റ് നേതൃത്വത്തിന് അന്നു കാണിക്കാൻ കഴിഞ്ഞില്ല എന്നതും ചരിത്രസത്യമായി അവശേഷിക്കും.
ചുരുങ്ങിയ കാലം മാത്രമേ ഭരിച്ചുള്ളൂ എങ്കിലും നിർണായകമായ നിരവധി നിയമനിർമാണങ്ങൾ ഈ കാലയളവിൽ നടന്നു. 38 പുതിയ നിയമങ്ങളും 40 ഭേദഗതി നിയമങ്ങളും സഭ പാസാക്കി. മൂന്നായി കിടന്നിരുന്ന ഭൂപ്രദേശങ്ങൾ ഒറ്റ സംസ്ഥാനമായി മാറിയപ്പോൾ മൂന്നു പ്രദേശങ്ങളിൽ നിലനിന്നിരുന്ന വ്യത്യസ്ത നിയമങ്ങൾ ഏകീകരിക്കാനുള്ള ചരിത്രനിയോഗവും ആദ്യ സർക്കാരിനായിരുന്നു.
തെരഞ്ഞെടുപ്പും കമ്യൂണിസ്റ്റ് പാർട്ടിയുടെ പരാജയവും
വിമോചന സമരം സൃഷ്ടിച്ച പുതിയ സാമൂഹ്യാന്തരീക്ഷത്തിലായിരുന്നു ഐക്യകേരളത്തിലെ രണ്ടാമത്തെ തെരഞ്ഞെടുപ്പു നടന്നത്. ഒരു വശത്തു കമ്യൂണിസ്റ്റ് പാർട്ടിയും മറുചേരിയിൽ കമ്യൂണിസ്റ്റ് വിരുദ്ധരും എന്ന നിലയിലായിരുന്ന പോരാട്ടം.
ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസും പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പിഎസ്പി)യും മുസ്ലിം ലീഗും മുന്നണിയായി മത്സരിച്ചു. 1960 ഫെബ്രുവരി ഒന്നിനു നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി 29 സീറ്റിലൊതുങ്ങി. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി വ്യക്തമായ ഭൂരിപക്ഷം നേടി.
126 അംഗ സഭയിൽ 63 പേരെ ജയിപ്പിച്ചെടുക്കാൻ കോണ്‍ഗ്രസിനു സാധിച്ചു. എന്നാൽ, ഭരണത്തിലേറാൻ ആരുടെയെങ്കിലും പിന്തുണ വേണമായിരുന്നു. മുസ്ലിം ലീഗിനെ ഭരണത്തിൽ പങ്കാളിയാക്കാൻ പറ്റില്ലെന്നു കോണ്‍ഗ്രസ് വ്യക്തമാക്കി. ദേശീയ നേതൃത്വത്തിന്റെ കടുംപിടിത്തം മൂലമായിരുന്നു ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. അവർക്കു സ്പീക്കർ സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.
ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ് ആയിരുന്നെങ്കിലും തിരു-കൊച്ചി കാലത്തു സംഭവിച്ചതു പോലെ മുഖ്യമന്ത്രി സ്ഥാനത്തിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന നിലപാടിലായി പിഎസ്പി നേതാവ് പട്ടം താണുപിള്ള. സംഘടനയിലായാലും ഭരണത്തിലായാലും രണ്ടാമനാകാൻ പട്ടം ഒരിക്കലും തയാറല്ലായിരുന്നു. ഒടുവിൽ ഇരുപതംഗങ്ങളുള്ള പിഎസ്പിക്കു മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാൻ കോണ്‍ഗ്രസ് മനസില്ലാമനസോടെ സമ്മതിച്ചു. അങ്ങനെ തിരുവിതാംകൂറിലും തിരു-കൊച്ചിയിലും കേരളത്തിലും ഭരണനേതൃത്വം വഹിക്കാൻ പട്ടം താണുപിള്ളയ്ക്കു സാധിച്ചു.
പട്ടത്തെ ഒഴിവാക്കി നേതൃത്വത്തിലേക്കു കോണ്‍ഗ്രസ്
പട്ടം താണുപിള്ള മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവ് ആർ. ശങ്കർ ഉപമുഖ്യമന്ത്രിയുമായി മന്ത്രിസഭ അധികാരമേറ്റു. പട്ടത്തിന്റെ തൻപ്രമാണിത്തത്തോടു പൊരുത്തപ്പെടാൻ കോണ്‍ഗ്രസ് ബുദ്ധിമുട്ടി. ഒടുവിൽ പട്ടത്തെ പഞ്ചാബ് ഗവർണറായി നിയമിച്ചുകൊണ്ട് ആ പ്രശ്നം പരിഹരിച്ചു. അതീവരഹസ്യമായിട്ടായിരുന്നു ഈ ഓപ്പറേഷൻ. പട്ടത്തിന്റെ പിഎസ്പിയിലെ ഉറ്റ അനുയായികൾക്കു പോലും ഇക്കാര്യത്തെക്കുറിച്ച് ധാരണയില്ലായിരുന്നു.
(ദീപികയിൽ കെ.സി. സെബാസ്റ്റ്യന്റെ എക്സ്ക്ലൂസീവ് റിപ്പോർട്ട് ആയാണ് പട്ടം പഞ്ചാബ് ഗവർണറാകുന്ന വിവരം പുറത്തറിയുന്നത്.) 1962 സെപ്റ്റംബർ 24നു പട്ടം രാജിവച്ചതോടെ ആർ. ശങ്കർ മുഖ്യമന്ത്രിയായി. ഒക്ടോബർ എട്ടിന് പിഎസ്പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. കോണ്‍ഗ്രസിന്റെ ഒറ്റക്കക്ഷി ഭരണം തുടർന്നു. ഇതിനിടെ കോണ്‍ഗ്രസിൽനിന്നുള്ള അപമാനം സഹിക്കാനാകാതെ മുസ്ലിം ലീഗും കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചിരുന്നു. ലീഗിലെ സീതി സാഹിബിന്റെ മരണശേഷം സ്പീക്കറായ സി.എച്ച്. മുഹമ്മദ് കോയ സ്പീക്കർ സ്ഥാനം ഒഴിഞ്ഞതോടെ കോണ്‍ഗ്രസിലെ അലക്സാണ്ടർ പറന്പിത്തറ സ്പീക്കറായി. കോണ്‍ഗ്രസിൽ അന്നും ഗ്രൂപ്പുകളി സജീവമായിരുന്നു.
പി.ടി. ചാക്കോയുടെ വീഴ്ചയും സർക്കാരിന്റെ പതനവും
ഭരണത്തിന്റെ തുടക്കം മുതൽ ആഭ്യന്തരപ്രശ്നങ്ങൾ നീറിപ്പുകഞ്ഞുകൊണ്ടിരുന്നു. ഇതിനിടെയാണ് കരുത്തനായ ആഭ്യന്തരമന്ത്രി പി.ടി. ചാക്കോ ഉൾപ്പെട്ട പീച്ചി സംഭവം ഉണ്ടാകുന്നത്. ചാക്കോയുടെ രാജിക്കായി പ്രതിപക്ഷത്തുനിന്നും കോണ്‍ഗ്രസിൽനിന്നും മുറവിളി ഉയർന്നു. ചാക്കോയിൽ തനിക്കു വിശ്വാസം നഷ്ടപ്പെട്ടെന്ന് മുഖ്യമന്ത്രി ആർ. ശങ്കർ പറഞ്ഞതോടെ 1964 ഫെബ്രുവരി 20ന് ചാക്കോ രാജിവച്ചു. അതേ വർഷം ജൂണ്‍ 14നു നടന്ന കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കെ.സി. ഏബ്രഹാമിനോടു പരാജയപ്പെട്ടതോടെ പി.ടി. ചാക്കോ സജീവരാഷ്ട്രീയത്തിൽനിന്നു പിന്മാറി അഭിഭാഷക വൃത്തിയിലേക്ക് ഒതുങ്ങി. ഓഗസ്റ്റ് ഒന്നിന് അപ്രതീക്ഷിതമായി ചാക്കോ മരണമടഞ്ഞു.
കോണ്‍ഗ്രസിലെ ചാക്കോ പക്ഷത്തുള്ള 15 എംഎൽഎമാർ വൈകാതെ സർക്കാരിനെതിരായി. നിയമസഭയിൽ അവർ പ്രത്യേക ബ്ലോക്ക് ആയി. പ്രതിപക്ഷത്തുനിന്ന് പി.കെ. കുഞ്ഞ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഇവർ പിന്തുണച്ചതോടെ സർക്കാർ പരാജയപ്പെട്ടു. 1964 സെപ്റ്റംബർ 10ന് ആർ. ശങ്കർ രാജിവച്ചു. അങ്ങനെ കാലാവധി തികയ്ക്കുന്നതിന് അഞ്ചു മാസം മുന്‍പ് നിയമസഭ പിരിച്ചുവിടപ്പെട്ടു. കേരളം ഒരിക്കൽകൂടി രാഷ്ട്രപതി ഭരണത്തിലേക്കു നീങ്ങി.
(തുടരും)